തിരുവനന്തപുരം: ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യോല്‌പാദനം പ്രതിവര്‍ഷം രണ്ട് ലക്ഷം ടണ്‍ ആക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന 'മത്സ്യ കേരള'പദ്ധതിക്ക് സപ്‌തംബര്‍ അവസാനവാരം തുടക്കം കുറിക്കും. മൊത്തം 74 കോടി രൂപയാണ് 700 ഗ്രാമപ്പഞ്ചായത്തുകളില്‍ ഈ പദ്ധതിക്കായി ഫിഷറീസ് വകുപ്പ് ചെലവഴിക്കുക. ഇതില്‍ 24 കോടി രൂപ മത്സ്യ കര്‍ഷകര്‍ക്ക് സബ്‌സിഡിയായി നല്‍കും. ഇപ്പോള്‍ കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളിലെ മൊത്തം മത്സ്യോല്‌പാദനം പ്രതിവര്‍ഷം 75,000 ടണ്‍ മാത്രമാണ്. മൂന്നു വര്‍ഷംകൊണ്ട് 10,000 ഹെക്ടര്‍ജലശേഖരങ്ങളില്‍ക്കൂടി മത്സ്യകൃഷി നടത്തുകവഴി മൊത്തം ഉള്‍നാടന്‍ മത്സ്യോല്‌പാദനം രണ്ട് ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം. ശുദ്ധജല മത്സ്യകൃഷി, ലവണ ജലത്തിലെ കൊഞ്ചുകൃഷി, കല്ലുമ്മായ കൃഷി, കടല്‍ജലത്തില്‍ കടല്‍പ്പായല്‍ കൃഷി, ശുദ്ധജലത്തിലെ അലങ്കാര മത്സ്യകൃഷി എന്നിവയാണ് മത്സ്യകേരളയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇതിനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പുതന്നെ കര്‍ഷകര്‍ക്ക് നല്‍കും. പദ്ധതിയുടെ ആദ്യഘട്ടമായി കായലോരത്ത് ചെമ്മീന്‍കൃഷിയും തുടര്‍ന്ന് മറ്റ് മത്സ്യങ്ങളുടെ ഉല്‌പാദനവും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സ്യകേരള പദ്ധതി നടപ്പാക്കുന്നതിനുള്ള മത്സ്യകര്‍ഷകരുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. പദ്ധതി നടപ്പാക്കുന്ന ഗ്രാമപ്പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കൃഷി, ഫിഷറീസ്, സഹകരണം എന്നീ മേഖലകളിലെ വിദഗ്‌ദ്ധ രും ഉദ്യോഗസ്ഥരും അംഗങ്ങളുമായ സ്റ്റിയറിങ് കമ്മിറ്റിയാണ് അതതു ജില്ലകളില്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കിവരുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമല്ലെങ്കിലും മലയാളികളുടെ പ്രോട്ടീന്‍ ആവശ്യകതയുടെ 40 ശതമാനം നല്‍കുന്ന മത്സ്യത്തിന്റെ ഉല്‌പാദനത്തില്‍ മുന്നേറ്റം കൈവരിച്ചാലേ ഭക്ഷ്യസുരക്ഷാപദ്ധതി പൂര്‍ണ വിജയം കൈവരിക്കൂയെന്നും ഫിഷറീസ് വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
Mathrubhumi: 03-09-08
Tuesday, September 2, 2008
Subscribe to:
Post Comments (Atom)



No comments:
Post a Comment