Friday, April 17, 2009

ചാലിയാറിനെ സംരക്ഷിക്കാന്‍ പുഴ സംരക്ഷണ സേന


ചാലിയാറില്‍ അറവ്‌ മാലിന്യങ്ങള്‍ തള്ളാനെത്തുന്നവര്‍ സൂക്ഷിക്കുക; ഇനി നിങ്ങളെയും കാത്ത്‌ ചന്തക്കടവ്‌ പൗരസമിതി പ്രവര്‍ത്തകര്‍ പുഴയോരത്ത്‌ കാവലുണ്ടാകും. അറവ്‌ മാലിന്യ നിക്ഷേപം കാരണം ചീഞ്ഞുനാറുന്ന ചാലിയാറിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ചന്തക്കടവ്‌ പൗരസമിതിയുടെ പുഴസംരക്ഷണ പ്രവര്‍ത്തകരാണ്‌ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌.
രാത്രി മുതല്‍ പുലര്‍ച്ചെ വരെ 10 അംഗങ്ങള്‍ വീതമുള്ള സംഘങ്ങളായാണ്‌ സമിതി പ്രവര്‍ത്തകര്‍ പുഴയോരത്തും ഫറോക്ക്‌ പുതിയ പാലത്തിലും മാലിന്യവുമായെത്തുന്നവരെ കാത്തിരിക്കുന്നത്‌. രാത്രി ഏഴ്‌മണി മുതല്‍ പുലര്‍ച്ചെ രണ്ട്‌മണിവരെ വിവിധ സമയങ്ങളില്‍ സംഘാംഗങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കാളികളാകും. ആദ്യ തവണ പിടിയിലാകുന്നവര്‍ക്ക്‌ ബോധവത്‌കരണവും മുന്നറിയിപ്പും നല്‍കി വിടും. ഇവര്‍ വീണ്ടും പിടിയിലായാല്‍ ചെറിയ തോതില്‍ കൈകാര്യം ചെയ്‌തു പോലീസില്‍ ഏല്‌പിക്കും. ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവരുന്ന ഈ പ്രവര്‍ത്തനത്തിലൂടെ ചാലിയാറിനെ ഒരു പരിധിവരെ അറവ്‌ മാലിന്യങ്ങളില്‍ നിന്ന്‌ സംരക്ഷിക്കാനായതായി സമിതി പ്രസിഡന്റ്‌ കെ.പി.സുബൈര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫറോക്ക്‌ പോലീസിന്റെ സഹകരണവും ലഭിച്ചിരുന്നു. തൊട്ടടുത്ത പഞ്ചായത്തുകളില്‍ നിന്നും മലപ്പുറം ജില്ലയില്‍ നിന്നുമാണ്‌ പുഴയില്‍ തള്ളാനായി മാലിന്യങ്ങള്‍ എത്തുന്നത്‌. പെട്ടി ഓട്ടോകളില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ ഫറോക്ക്‌ പുതിയ പാലത്തില്‍ നിന്ന്‌ പുഴയില്‍ തള്ളുകയാണ്‌ ഇത്തരക്കാരുടെ പതിവ്‌. അതുകൊണ്ട്‌ തന്നെ പാലം പരിസരമാണ്‌ സംരക്ഷണ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ പ്രധാന കാവല്‍കേന്ദ്രം. അറവുശാലകളില്‍ നിന്നും ചാക്കു കെട്ടിന്‌ വിലയുറപ്പിച്ച്‌ കരാര്‍ എടുത്തവരാണ്‌ പുഴയെ നശിപ്പിക്കുന്ന ഈ ക്രൂരകൃത്യത്തിലേര്‍പ്പെടുന്നതെന്ന്‌ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
സംരക്ഷണ പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച്‌ തള്ളുന്ന മാലിന്യങ്ങള്‍ കരയ്‌ക്കടുപ്പിച്ച്‌ പുഴയോരത്ത്‌ കുഴികുത്തി മൂടും. അറവ്‌ മാലിന്യങ്ങള്‍ക്ക്‌ പുറമെ ചെരുപ്പ്‌ ഫാക്ടറികളില്‍ നിന്നുള്ള അവശിഷ്‌ടങ്ങളും അടുത്തയിടെയായി പുഴയില്‍ തള്ളുന്നുണ്ടെന്ന്‌ സമിതി അംഗങ്ങള്‍ പറഞ്ഞു. ഇതുമൂലം ചാലിയാറിന്റെ ജൈവ ആവാസ വ്യവസ്ഥ അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്‌. പുഴയില്‍ മത്സ്യ ലഭ്യത കുറഞ്ഞു. മണല്‍വാരല്‍ തൊഴിലാളികള്‍ക്കിടയില്‍ അലര്‍ജിപോലുള്ള അസുഖങ്ങള്‍ വര്‍ധിച്ചു. പുഴയെ കൊല്ലുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവസാനം കണ്ടെത്തിയില്ലെങ്കില്‍ താമസിയാതെ ചാലിയാര്‍ മറ്റൊരു കനോലി കനാലാവുമെന്ന്‌ സമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. പുതിയ പാലത്തില്‍ വേണ്ടത്ര തെരുവ്‌ വിളക്കുകള്‍ ഇല്ലാത്തത്‌ മാലിന്യം തള്ളാനെത്തുന്നവര്‍ക്ക്‌ അനുഗ്രഹവുമാകുന്നു. 164 അംഗങ്ങളുള്ള ചന്തക്കടവ്‌ പൗരസമിതിയിലെ 65 ഓളം പ്രവര്‍ത്തകരാണ്‌ ചാലിയാര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ സെക്രട്ടറി ജംഷീദ്‌ അമ്പലപ്പുറം പറഞ്ഞു.
പി.വി. സനില്‍കുമാര്‍

3 comments:

പാമരന്‍ said...

സംരംഭത്തിന്‌ എല്ലാ ഭാവുകങ്ങളും..

ഏറനാടന്‍ said...

നമ്മുടെ സ്വന്തം ചാലിയാറിനെ സം‌രക്ഷിക്കുന്ന ആ നല്ല മനുഷ്യര്‍ക്ക് എല്ലാ പിന്തുണയും പ്രോല്‍സാഹനവും എന്റേയും വക.. ആശംസകള്‍.

Anonymous said...

ആശംസകള്‍.