
കോട്ടയം: ഇപ്പോള്‍ത്തന്നെ മൃതപ്രായമായി ഒഴുകുന്ന കേരളത്തിലെ നദികളെ തീര്‍ത്തും ഇല്ലാതാക്കാനിടയാക്കുന്ന സര്‍ക്കാരുത്തരവിറങ്ങി. കരയില്‍ മണലെടുക്കുന്ന കുഴിയുടെ ആഴം സംബന്ധിച്ചും പൊതുസ്ഥാപനങ്ങളില്‍നിന്നും സ്ഥലങ്ങളില്‍നിന്നും പാലിക്കേണ്ട അകലം സംബന്ധിച്ചുമുള്ള വ്യവസ്ഥകള്‍ മാറ്റിയതോടെ ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവും ഇല്ലാതായി. '67 ലെ ചട്ടം 8 (എ) പറഞ്ഞിരുന്നത്, മണലെടുക്കുന്ന കുഴിയുടെ ആഴം 20 അടിയില്‍ കവിയരുത് എന്നാണ്. ഇപ്പോഴാകട്ടെ, അതു നീക്കംചെയ്‌തിരിക്കുന്നു. ആര്‍ക്കും ഏതു നദീതീരവും എത്രവേണമെങ്കിലും കുഴിക്കാം; ആവശ്യംപോലെ മണലെടുക്കാം. എക്കല്‍മണ്ണ്, കളിമണ്ണ്, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയവയുടെ ഖനനം നിയന്ത്രിച്ച് 1967ല്‍ സംസ്ഥാനസര്‍ക്കാര്‍ രൂപം നല്‍കിയ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ നിയമത്തില്‍ മാറ്റം വരുത്തി അസാധാരണ ഗസറ്റായാണ് വ്യവസായവകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത് (G.O. (P) No. 2/2008/IO dated 2/1/2008 of Industries (4) Dept.). നദീതടങ്ങളുടെയും ജലവ്യവസ്ഥയുടെയും ഭൂവിന്യാസത്തിന്റെയും സമ്പൂര്‍ണനാശമായിരിക്കും ഇതിന്റെ ഫലം. റെയില്‍ലൈനിലും ദേശീയപാതകളിലുംനിന്ന് 75 മീറ്ററിനുള്ളിലും റിസര്‍വോയര്‍, കുളം, കനാല്‍, തോട്, പാലം, മറ്റുപൊതുസ്ഥലങ്ങള്‍, വാസഗൃഹങ്ങള്‍, കെട്ടിടങ്ങള്‍, ആരാധനാലയങ്ങളുടെ അതിര്‍ത്തികള്‍, ശ്‌മശാനങ്ങള്‍ തുടങ്ങിയവയില്‍നിന്ന് 50 മീറ്ററിനുള്ളിലും യാതൊരു ഖനനവും പാടില്ലെന്ന് '67ലെ നിയമത്തിലുണ്ട്. നദീമണലിന് ഒഴികെ തീരത്തുനിന്ന് 50 മീറ്ററിനുള്ളില്‍ ഖനനം പാടില്ല. ആ നിയമം ഉണ്ടാക്കിയകാലത്ത് നദികളില്‍നിന്നു മാത്രമാണ് മണല്‍ വാരിയിരുന്നത്. അന്ന് കരമണല്‍ഖനനം ഉണ്ടായിരുന്നില്ല. നദീതീരത്തുനിന്നു കരയിലേക്ക് മണലിനുള്‍പ്പെടെ 50 മീറ്ററിനുള്ളില്‍ ഒരു ഖനനവും പാടില്ലെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനപ്രകാരം നദീതീരത്തുനിന്ന് കരയിലേക്ക് 10 മീറ്റര്‍ മാത്രം ഒഴിവാക്കി, മണലും കളിമണ്ണും ഖനനം ചെയ്യാം; ആഴവ്യവസ്ഥകള്‍ ഒന്നുമില്ലാതെ. അകലം നിയന്ത്രിക്കുന്ന റൂള്‍ 29(ഐ)ല്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പക്ഷേ, ഖനനത്തിനുള്ള പെര്‍മിറ്റ് വ്യവസ്ഥയില്‍ വലിയമാറ്റം വരുത്തിയിരിക്കുകയാണിപ്പോള്‍. പുതിയ വിജ്ഞാപനം അനുസരിച്ച്, ഖനനപെര്‍മിറ്റ് നല്‍കുന്ന ഫ്രഡ' ഫോമില്‍ റെയില്‍ ലൈനിലും പാലങ്ങളിലുംനിന്ന് 75 മീറ്ററും സ്റ്റേറ്റ് ഹൈവേ, വാസഗൃഹങ്ങള്‍, നദീതീരം എന്നിവയില്‍നിന്ന് 50 മീറ്ററും അകലം പറഞ്ഞിട്ടുണ്ട്. മണല്‍, കളിമണ്ണ് എന്നിവയുടെ കാര്യത്തില്‍ നദികളില്‍നിന്ന് 10 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയെന്നും പറയുന്നു. വിജ്ഞാപനം പുറത്തുവന്നയുടന്‍ പെര്‍മിറ്റ് വിതരണവും നദീതീരഖനനവും ഉഷാറായിരിക്കുകയാണ്.
പി.കെ.ജയചന്ദ്രന്‍, Mathrubhumi 13-06-2008



1 comment:
ഇതൊക്കെ തന്നെയാണ് മഹത്തായ സോഷ്യലിസത്തിലേക്കുള്ള മുന്നറ്റം. അഥവാ ചുവപ്പു കുഴികള്‍.
Post a Comment