Monday, November 22, 2010

മത്സ്യങ്ങളിലും മാരക കീടനാശിനികള്‍


കോഴിക്കോട്: കേരളീയരുടെ തീന്‍മേശയിലെ മുഖ്യവിഭവമായ മത്സ്യങ്ങളിലും മാരക കീടനാശിനികള്‍ വ്യാപകമാവുന്നതായി വിവിധ പഠനങ്ങളില്‍ വെളിപ്പെടുത്തല്‍.
കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കേരളത്തിലെ ഭക്ഷ്യയോഗ്യമായ മീനുകളില്‍ നടത്തിയ പരിശോധനയില്‍ കടല്‍ മത്സ്യങ്ങളിലും വളര്‍ത്തുന്നവയിലും പുഴമീനിലും കീടനാശിനികളുടെ അംശം കണ്ടെത്തി. കോഴിക്കോട് ജില്ലയുടെ അഞ്ചു വ്യത്യസ്ത മേഖലകളില്‍ നിന്ന് ശേഖരിച്ച മീനുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. മത്സ്യങ്ങളുടെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാംസളമായ ഭാഗങ്ങളില്‍ 70.57 നാനോഗ്രാം വരെ കീടനാശിനി കണ്ടെത്തിയതായി പരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഹെക്‌സാക്ലോറോ ബെന്‍സീന്‍ എന്ന മാരക കീടനാശിനിയാണ് ശുദ്ധജല മത്സ്യങ്ങളില്‍ കൂടുതലായി കണ്ടത്. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാവുമെന്നതിനാല്‍ അമേരിക്കയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും നിരോധിക്കപ്പെട്ട കീടനാശിനിയാണിത്. 22 ശതമാനം ശുദ്ധജല മത്സ്യങ്ങളിലും മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരമായ ലോഹങ്ങളും രാസവസ്തുക്കളും കണ്ടെത്തിയതായി പഠനം പറയുന്നു. പാടങ്ങളിലും കൃഷിയിടങ്ങളിലും അമിതമായ തോതില്‍ ഉപയോഗിക്കുന്ന കീടനാശിനികളാണ് മത്സ്യങ്ങളുടെ ശരീരത്തില്‍ എത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ മലബാറിലെ എല്ലാ ജില്ലകളിലെയും മത്സ്യസമ്പത്തിനെ എന്‍ഡോസള്‍ഫാന്‍ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനത്തിന് കേന്ദ്ര സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഒരുങ്ങുന്നതായി അറിയുന്നു. പ്രതിവര്‍ഷം 485 ടണ്‍ കീടനാശിനികള്‍ ഉപയോഗിക്കപ്പെടുന്ന കുട്ടനാട്ടില്‍ കരിമീന്‍ അടക്കമുള്ള മത്സ്യങ്ങളുടെ ആന്തരിക അവയവങ്ങളെ കീടനാശിനികള്‍ ഗുരുതരമാംവിധം ബാധിച്ചുതുടങ്ങിയതായി ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റി നടത്തിയ പഠനം പറയുന്നു. പ്രത്യുല്‍പാദനപരമായ അസ്വാഭാവികതകള്‍, അവയവ തകരാറുകള്‍ എന്നിവ ശുദ്ധജല മത്സ്യങ്ങളില്‍ ദൃശ്യമാവുന്നുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിന്റെ ശുദ്ധജല മത്സ്യസമ്പത്ത് കീടനാശിനികള്‍ കാരണം ഇല്ലാതാവുമെന്ന് പഠനം പറയുന്നു.
കുട്ടനാടന്‍ പാടങ്ങളില്‍ കുട്ടനാട് വാട്ടര്‍ ബാലന്‍സ് സ്റ്റഡി പ്രോജക്ട് നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. 485 ടണ്‍ കീടനാശിനിയാണ് ഓരോ വര്‍ഷവും കുട്ടനാടന്‍ പാടങ്ങളില്‍ വീഴുന്നതെന്നാണ് 90കളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതില്‍ പുഞ്ചകൃഷിക്ക് മാത്രം ഉപയോഗിക്കുന്നത് 370 ടണ്‍ കീടനാശിനികളാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പുഞ്ചകൃഷിയിലെ കീടനാശിനിയുടെ ഉപയോഗം കുറക്കണമെന്ന് പഠനം നടത്തിയ സമിതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

പി. കൃഷ്ണകുമാരി
Madhyamam

Sunday, October 17, 2010

A wonderful quote by Jonas Salk,

"If all the insects were to disappear from the earth, within 50 years all life on Earth would end. If all human beings disappeared from the earth, within 50 years all forms of life would flourish."

Sunday, August 8, 2010

മലബാര്‍ വന്യജീവി സങ്കേതം ഇന്ന് യാഥാര്‍ഥ്യമാകും


ബാലുശ്ശേരി: മലബാറിന്റെ ആദ്യത്തെ വന്യജീവി സങ്കേതം യാഥാര്‍ഥ്യമാകുന്നു. കക്കയം ആസ്ഥാനമായി സംസ്ഥാനത്തെ 16ാമത്തേതും മലബാറിലെ ആദ്യത്തേതുമായ മലബാര്‍ വന്യജീവിത സങ്കേതത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച രാവിലെ 11ന് ചക്കിട്ടപാറയില്‍ വനംമന്ത്രി ബിനോയ് വിശ്വം നിര്‍വഹിക്കും. സങ്കേതത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീമും നിര്‍വഹിക്കും.
കക്കയം, പെരുവണ്ണാമൂഴി, ബാണാസുര സാഗര്‍ അണക്കെട്ടുകളും കൊയിലാണ്ടി താലൂക്കിലെ കൂരാച്ചുണ്ട്, ചക്കിട്ടപാറ വില്ലേജുകളില്‍െപട്ട പെരുവണ്ണാമൂഴി, പന്നിക്കോട്ടൂര്‍ നിക്ഷിപ്തവനവും കക്കയം റിസര്‍വിലെ അത്തിക്കോട്, ശങ്കരന്‍പുഴ സംരക്ഷിത വനപ്രദേശങ്ങളും ഉള്‍പ്പെടുത്തി 74.215 ച.കി. മീറ്റര്‍ വിസ്തൃതിയിലാണ് വന്യജീവി സങ്കേതം രൂപംകൊള്ളുന്നത്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമ്പന്നമായ മേഖലയാണ് കക്കയം വനമേഖല.
പെരുവണ്ണാമൂഴി, കുറ്റിയാടി, കോരപ്പുഴ എന്നീ പുഴകള്‍ കക്കയം വനഖേലയുടെ സംഭാവനയായാണ്. കക്കയം,പെരുമണ്ണാമൂഴി റിസര്‍വോയറിന്റെ തീരത്തെ വനപ്രദേശങ്ങള്‍ വന്യജീവികളാല്‍ സമ്പന്നവുമാണ്. കക്കയത്തെ ഇടതൂര്‍ന്ന കാടുകളില്‍ നടത്തിയ പഠനത്തില്‍ ഒട്ടനവധി അപൂര്‍വ സസ്യങ്ങളെയും ജീവിവര്‍ഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. കക്കയം ഡാം സൈറ്റിനടുത്തെ ശങ്കരന്‍പുഴ വനത്തില്‍ ആന, കാട്ടുപോത്ത്, പുള്ളിമാന്‍, മ്ലാവ്, കേഴമാന്‍, കരിങ്കുരങ്ങ് എന്നിവ യഥേഷ്ടമാണ്. വൈവിധ്യമാര്‍ന്ന നിരവധി പക്ഷികളും ഉരഗവര്‍ഗങ്ങളും മല്‍സ്യങ്ങളും ഷഡ്പദങ്ങളും വേറെ.കക്കയം, പെരുവണ്ണാമൂഴി കേന്ദ്രീകരിച്ച് ഇപ്പോള്‍ തന്നെ നിരവധി സഞ്ചാരികളാണ് എത്തുന്നത്. കക്കയം ഡാംസൈറ്റ്, കക്കയംവാലി, ഉരക്കുഴി വെള്ളച്ചാട്ടം, അമ്പലപ്പാറ, പപ്പന്‍കയം, കരിയാത്തന്‍പാറ, ബാണാസുരമല എന്നിവിടങ്ങളിലെ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് സന്ദര്‍ശകര്‍ ദിനംതോറുമെത്തുന്നത്.കക്കയം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നാലുലക്ഷം രൂപ ചെലവിട്ട് ഉരക്കുഴി ഭാഗത്ത് ഈയിടെ തൂക്കുപാലം നിര്‍മിച്ചിട്ടുണ്ട്. കരിയാത്തന്‍, കക്കയം റിസര്‍വോയറുകള്‍ കേന്ദ്രീകരിച്ച് പെരുവണ്ണാമൂഴി വരെ ബോട്ട് സര്‍വീസും നിലവിലുണ്ട്.

Courtesy: Madhyamam Daily

Monday, August 2, 2010

http://www.youtube.com/watch?v=TQmz6Rbpnu0

http://www.youtube.com/watch?v=TQmz6Rbpnu0
The address made by Suzuki

Tuesday, July 27, 2010

ഉള്‍നാടന്‍ മത്സ്യമേഖലാ നിയമം ഉടന്‍ പാസാക്കും -മന്ത്രി ശര്‍മ


കൊച്ചി: ഉള്‍നാടന്‍ മത്സ്യ കൃഷി വികസനം ലക്ഷ്യമിട്ടുള്ള ഉള്‍നാടന്‍ മത്സ്യമേഖലാ നിയമം ഈ നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് ഫിഷറീസ്-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി എസ്. ശര്‍മ പറഞ്ഞു. 'മത്സ്യകേരളം' മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും മത്സ്യകര്‍ഷക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ ഉള്‍നാടന്‍ മത്സ്യമേഖലയെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്തമാസം ഒരുകോടി മത്സ്യവിത്തുകള്‍ കേരളത്തിലെ ഉള്‍നാടന്‍ കായലുകളില്‍ നിക്ഷേപിക്കും. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 700 ക്ലബുകളില്‍ 100 എണ്ണത്തിന് അഞ്ചുലക്ഷം രൂപവീതം നല്‍കും. ഈ വര്‍ഷം ഉള്‍നാടന്‍ മത്സ്യമേഖലയില്‍ നിന്നും കേരളത്തിന്റെ ഉത്പാദനം 1,26,000 ടണ്ണാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സ്യ ഉത്പാദനത്തില്‍ വര്‍ധനയുണ്ട്. വരുംവര്‍ഷം ഇത് രണ്ടുലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഉത്പാദന വര്‍ധനയ്‌ക്കൊപ്പം ഈ മേഖലയുടെ സംരക്ഷണവും സര്‍ക്കാരിനു മുന്നിലുണ്ട്. പുതിയ നിയമം അതിന് സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം ആശിര്‍ഭവനില്‍ നടന്ന ചടങ്ങില്‍ ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എം.പി. വര്‍ഗീസ്, ഡോ. ബി. മധുസൂദനക്കുറുപ്പ്, കൊച്ചി നഗരസഭാ കൗണ്‍സിലര്‍ വിന്നി എബ്രഹാം, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ഐ, രവീന്ദ്രന്‍, ജോയിന്റ് ഡയറക്ടര്‍ സൈറാബാനു തുടങ്ങിയവര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഷെയ്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആലപ്പുഴ കിഴക്കേ പണ്ടാരത്തില്‍ വീട്ടില്‍ അഹമ്മദ്കുട്ടിയാണ് മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുള്ള സംസ്ഥാനതല അവാര്‍ഡിന് അര്‍ഹനായത്. എറണാകുളം പിഴല തയ്യത്ത് വീട്ടില്‍ ടി.ബി. സുരേഷ്, മികച്ച ഓരുജല ചെമ്മീന്‍ കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് 'സമുദ്ര' പുരുഷ സ്വയംസഹായ സംഘം മികച്ച കല്ലുമ്മേക്കായ കര്‍ഷക അവാര്‍ഡും പാലക്കാട് കിണാശ്ശേരി ഉപ്പുപാടം എ.കെ. ഫാമില്‍ ബിന്ദു അനന്തകൃഷ്ണന്‍ മികച്ച റെയറിങ് ഫാര്‍മര്‍ അവാര്‍ഡും പത്തനംതിട്ട കുളനട സുമാഭവനില്‍ സുമ ചെറിയാന്‍, മികച്ച അക്വാ കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡും ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്ത് മത്സ്യ കര്‍ഷക ക്ലബ് മികച്ച മത്സ്യ കര്‍ഷക ക്ലബ് അവാര്‍ഡും നേടി. ഇതിനു പുറമെ ജില്ലാതല അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു.

രാവിലെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഐസിഎആര്‍ റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.


Mathrubhumi